2021 റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; മാറ്റങ്ങള്‍ എന്തൊക്കെ?
റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രേണിയിലെ തലയെടുപ്പുള്ള താരമാണ് ഇന്റര്‍സെപ്റ്റര്‍ 650. റോഡ്സ്റ്റര്‍ മോഡലായ ഇന്റര്‍സെപ്റ്റര്‍ 650 റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വിലക്കൂടുതലുള്ള ബൈക്കുകളില്‍ ഒന്നാണ്. അടുത്തിടെ ഇന്റര്‍സെപ്റ്റര്‍ 650-യുടെ 2021 പതിപ്പ് റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിച്ചു.
ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ ചേര്‍ന്ന 648 സിസി, പാരലല്‍-ട്വിന്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് 2021 പതിപ്പിലും. ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ എന്‍ജിന്‍ 46.8 ബിഎച്പി പവറും 52 എന്‍എം ടോര്‍ക്കുമാണ് നിര്‍മ്മിക്കുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സ് ആണ് ഈ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. സസ്പന്‍ഷന്‍, ബ്രെയ്ക്ക് തുടങ്ങിയ സൈക്കിള്‍ പാര്‍ട്‌സുകളുടെ കാര്യത്തിലും 2021 പതിപ്പ് ഇതുവരെ ലഭ്യമായിരുന്ന മോഡലുമായി സമാനത പുലര്‍ത്തുന്നു. അപ്പോള്‍ പിന്നെ 2021 റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-യിലെ മാറ്റങ്ങള്‍ എന്തൊക്കെ?
പുത്തന്‍ നിറങ്ങള്‍ - ഇന്റര്‍സെപ്റ്റര്‍ 650-യുടെ സിംഗിള്‍ ടോണ്‍ നിറങ്ങള്‍ ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് ശ്രേണിയില്‍ ക്യാന്‍യണ്‍ റെഡ്, വെന്‍ച്ചുറ ബ്ലൂ എന്നിങ്ങനെ രണ്ട് പുത്തന്‍ നിറങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവല്‍-ടോണ്‍ നിറങ്ങളുടെ കസ്റ്റം ശ്രേണിയിലും രണ്ട് പുത്തന്‍ നിറങ്ങളാണ്, ഡൗണ്‍ടൗണ്‍ ഡ്രാഗ്, സണ്‍സെറ്റ് സ്ട്രിപ്പ്. പരിഷ്‌കരിച്ച ക്രോം മാര്‍ക്ക് 2 ആണ് മറ്റൊരു നിറം. ഇതുവരെ ലഭ്യമായിരുന്ന നിറങ്ങളില്‍ ഓറഞ്ച് ക്രഷ്, ബേക്കര്‍ എക്‌സ്പ്രസ്സ് നിറങ്ങളില്‍ തുടര്‍ന്നും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ലഭിക്കും.
നിറം മാറ്റിനിര്‍ത്തിയാല്‍ - ഇന്റര്‍സെപ്റ്റര്‍ 650-യുടെ സിംഗിള്‍ ടോണ്‍ നിറങ്ങളുടെ റിമ്മുകളും, മഡ്ഗാര്‍ഡും കറുപ്പില്‍ പൊതിഞ്ഞിട്ടുണ്ട് എന്നതാണ് 2021 പതിപ്പിലെ ഒരു മാറ്റം. ഹിമാലയന്‍, മീറ്റിയോര്‍ എന്നീ ബൈക്കുകളില്‍ അവതരിപ്പിച്ച ട്രിപ്പര്‍ നാവിഗേഷന്‍ 2021 റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി പതിപ്പില്‍ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
2020 റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650യേക്കാള്‍ 2021 പതിപ്പിന്റെ വില 6,000 രൂപയോളം കൂടിയിട്ടുണ്ട്.
ഇന്റര്‍സെപ്റ്റര്‍ 650 സ്റ്റാന്‍ഡേര്‍ഡ് - Rs 2,75,467
ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം - Rs 2,83,593
ഇന്റര്‍സെപ്റ്റര്‍ 650 ക്രോം മാര്‍ക്ക് 2 - Rs 2,97,133 എന്നിങ്ങനെയാണ് വില.