നിയമങ്ങള്‍ ലംഘിച്ചു; ആമസോണിന് 6,545 കോടി രൂപ പിഴ.
വാഷിങ്ടണ്‍: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന് പിഴ. യൂറോപ്യന്‍ യൂണിയന്റെ ഡാറ്റാ പരിരക്ഷണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ലക്സംബര്‍ഗ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ജിഡിപിആര്‍) അധികൃതരാണ് കമ്പനിക്ക് പിഴ ചുമത്തിയത്. 880 ദശലക്ഷം ഡോളറാണ് (6,545 കോടി രൂപ) പിഴയെന്ന് ആമസോണ്‍ സെക്യൂരിറ്റീസ് ഫയലിംഗില്‍ പറഞ്ഞു.
ലക്സംബര്‍ഗ് കമ്മീഷന്‍ ജൂലൈ 16 നാണ് പിഴ ചുമത്തിയത്. പരസ്യ ടാര്‍ഗെറ്റിംഗിനായി അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചെന്ന് കാണിച്ച് യൂറോപ്യന്‍ ഉപഭോക്തൃ സംഘം ജിഡിപിആറിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വ്യക്തിഗത വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അനുസരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ലക്സംബര്‍ഗ് ആമസോണിനെതിരെ നടപടി എടുക്കുകയായിരുന്നു.
സംഭവത്തില്‍ ഈ മാസം ആദ്യം വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളുടെ അന്വേഷണം രഹസ്യമാണെന്നായിരുന്നു ആമസോണിന്റെ മറുപടിയെന്നും ലക്സംബര്‍ഗ് ഏജന്‍സി പറഞ്ഞു. അതേസമയം സിഎന്‍പിഡിയുടെ തീരുമാനം യോഗ്യതയില്ലാത്തതാണെന്നും ഈ വിഷയത്തില്‍ ശക്തമായി പ്രതിരോധിക്കുമെന്നും ആമസോണ്‍ പറഞ്ഞു. ആമസോണിന് ഇതിന് മുമ്പും ഇത്തരത്തില്‍ വന്‍തുക പിഴ ചുമത്തിയിട്ടുണ്ട്. ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്ന ബ്രൗസര്‍ കുക്കീസ് നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് അധികൃതര്‍ ആമസോണിന് 35 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു.
സമാനമായ ലംഘനങ്ങള്‍ക്ക് ഗൂഗിളിന് 100 ദശലക്ഷം യൂറോയും പിഴ ചുമത്തിയിട്ടുണ്ട്. ഹാക്കിങ് വെബ്സൈറ്റിലൂടെ 533 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഫേസ്ബുക്കും അയര്‍ലണ്ടില്‍ അന്വേഷണത്തിലാണ്. ജിഡിപിആര്‍ സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, വിപണനക്കാര്‍ക്കും ഡാറ്റാ ബ്രോക്കര്‍മാര്‍ക്കും ഓസ്ട്രിയയുടെ തപാല്‍ വകുപ്പിനും സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനായ ലാ ലിഗയ്ക്കും വരെ പിഴ ചുമത്തിയിട്ടുണ്ട്.