തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരില്‍ ആറുമാസം മാറിനിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാന്‍. തന്റെ പേരില്‍ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാന്‍ പറഞ്ഞു. നിയമവിരുദ്ധമായോ ഭരണഘടനാവിരുദ്ധമായോ താന്‍ ഒന്നും സംസാരിച്ചിട്ടില്ല. തന്റെ പേരില്‍ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീര്‍പ്പായെന്നും സജി ചെറിയാന്‍ പറഞ്ഞു.
നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഗവര്‍ണര്‍ ഇന്ന് അംഗീകരിക്കുകയായിരുന്നു. ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള ഹര്‍ജിയില്‍ ആരോപണ വിധേയനായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. വിയോജിപ്പോടെയാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചത് എന്ന സൂചന മാധ്യമങ്ങള്‍ക്ക് മുന്നിലും ഗവര്‍ണര്‍ നല്‍കി.
അതേസമയം സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ തിരുവല്ല കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ തീരുമാനമാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. മല്ലപ്പളളി പ്രസംഗക്കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലാണ് തടസവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പൊലീസ് ആത്മാര്‍ഥതയില്ലാത്ത അന്വേഷണം നടത്തിയ സാഹചര്യത്തില്‍ കേസ് സിബിഐയെയോ കര്‍ണാടക പൊലീസിനെയോ ഏല്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജിയിലെ ആവശ്യം. സജി ചെറിയാന്‍ ഭരണാഘടനയെ അവഹേളിച്ച് സംസാരിച്ചതിന് തെളിവില്ലെന്ന കണ്ടെത്തലോടെയാണ് തിരുവല്ല പൊലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.