ബംഗളൂരു: ചെന്നൈ - ബംഗളൂരു എക്‌സ്പ്രസ്‌വേ ഡിസംബറില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം. പാത യാഥാര്‍ഥ്യമാകുന്നതോടെ ബംഗളൂരൂ - ചെന്നൈ യാത്ര രണ്ടു മണിക്കൂറുകൊണ്ട് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളും ഐടി ഹബ്ബുകളുമായ കര്‍ണാടകത്തിലെ ബംഗളൂരുവിനെയും തമിഴ്‌നാട്ടിലെ ചെന്നൈയെയും ബന്ധിപ്പിക്കുന്ന ബ്രൗണ്‍ഫീല്‍ഡ് ബംഗളൂരു - ചെന്നൈ എക്‌സ്പ്രസ്‌വേ നാലുവരിപ്പാതയായാണ് നിര്‍മിക്കുന്നത്. 262 കിലോമീറ്റര്‍ നീളുന്ന പാത യാഥാര്‍ഥ്യമാകുന്നതോടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, കോലാര്‍, ചിറ്റൂര്‍, വെല്ലൂര്‍, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ഏഴ് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
നിലവില്‍ ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് റോഡ് മാര്‍ഗം എത്താന്‍ അഞ്ചുമുതല്‍ ആറുമണിക്കൂര്‍ വരെ ആവശ്യമാണ്. ഹൊസൂര്‍, കൃഷ്ണഗിരി റൂട്ട് വഴിയും, ഓള്‍ഡ് മദ്രാസ് റോഡ് വഴിയും കോലാര്‍ - വെല്ലൂര്‍ റൂട്ട് വഴിയുമാണ് നിലവില്‍ ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമാകുന്നത്. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ ചെന്നൈ - ബെംഗളൂരു ദൂരം 300ല്‍ നിന്ന് 262 കിലോമീറ്ററായി കുറയും. ഇതോടെ യാത്രാ സമയം രണ്ട് മണിക്കൂറായും ചുരുങ്ങും.
ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ഹോസ്‌കോട്ടെയില്‍നിന്ന് ആരംഭിക്കുന്ന പാത തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലുള്ള ശ്രീപെരുമ്പത്തൂരിലാണ് അവസാനിക്കുന്നത്. കര്‍ണാടകത്തിലെ ഹോസ്‌കോട്ടെ, മാലൂര്‍, ആന്ധ്രാപ്രദേശിലെ വി കോട്ട, പലമനീര്‍, തമിഴ്‌നാട്ടിലെ ഗുഡിയാത്തം, ആരക്കോണം, ശ്രീപെരുമ്പത്തൂര്‍ എന്നീ പ്രദേശങ്ങളിലൂടെയാണ് നാലുവരിപ്പാത കടന്നുപോകുന്നത്.
പാതയുടെ 106 കിലോമീറ്ററും കര്‍ണാടത്തിലൂടെയാണ്. 85 കിലോമീറ്റര്‍ തമിഴ്‌നാട്ടിലൂടെയും 71 കിലോമീറ്റര്‍ ആന്ധ്രാ പ്രദേശിലൂടെയുമാണ് കടന്നുപോകുന്നത്. ചെന്നൈ - ബെംഗളൂരു എക്‌സ്പ്രസ്‌വേയിലെ പരമാവധി വേഗത 120 കിലോമീറ്ററാകും. വേഗത കുറഞ്ഞ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നീ വാഹനങ്ങള്‍ക്ക് പാതയിലേക്ക് പ്രവേശനമില്ല. 2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 16,700 കോടി രൂപയാണ് നിര്‍മാണച്ചെലവ്.