ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് രാജ്യാന്തര പുരസ്‌കാരം
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് (എച്ച്‌ഐഎ) മികച്ച വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്‌കാരം. വിവിധ സേവനങ്ങളിലെ മികവുകള്‍ പരിഗണിച്ചാണ് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡിന് അര്‍ഹമായത്. കോവിഡ് പ്രതിരോധ നടപടികളും യാത്രക്കാര്‍ക്കുള്ള സേവനങ്ങളും ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയതിനുള്ള അംഗീകാരമാണിതെന്ന് സിഒഒ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
കഴിഞ്ഞ 18 മാസത്തിനിടെ രാജ്യാന്തര വ്യോമയാന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും വന്‍തോതില്‍ നിക്ഷേപം നടത്തി യാത്രക്കാരുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കാനും വെല്ലുവിളികളെ അതിജീവിക്കാനും കമ്പനി കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ടോക്കിയോ ഹാനെഡ വിമാനത്താവളത്തിന് രണ്ടാം സ്ഥാനവും സിംഗപ്പൂര്‍ ചംഗി വിമാനത്താവളത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.