വാഷിങ്ടണ്‍: ഗാസയില്‍ ഹമാസിന്റെ ടണല്‍ ശൃംഖലയിലേക്ക് ഇസ്രയേല്‍ സൈന്യം കടല്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഴ്ചകളോളം നീണ്ടുനിന്നേക്കാവുന്ന നടപടിക്കാണ് ഇസ്രയേല്‍ സൈന്യം തുടക്കം കുറിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒളിച്ചിരിക്കാനും ബന്ധികളെയും ആയുധങ്ങളും ഒളിപ്പിക്കാനും ഹമാസ് ഉപയോഗിച്ചിരുന്ന ടണലുകള്‍ നശിപ്പിക്കാന്‍ ഇത് സഹായകമാവുമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ഗാസയിലെ ശുദ്ധജല വിതരണം തന്നെ താറുമാറാവാന്‍ കടല്‍ വെള്ളം പമ്പ് ചെയ്തുകൊണ്ടുള്ള ഈ നടപടി കാരണമായേക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം ഇത്തരമൊരു നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവും വിസമ്മതിച്ചു. എന്നാല്‍ ടണലുകളില്‍ വെള്ളം നിറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ നേരത്തെ തന്നെ ഇസ്രയേല്‍ സൈന്യം തുടങ്ങിയിരുന്നു. കൂറ്റന്‍ മോട്ടോറുകള്‍ ഗാസയില്‍ പലയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.