ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍. ഒമ്പതിടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. കരസേനക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷന്റെ ഭാഗമായെന്നും സൂചനയുണ്ട്.
റഫാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യം സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും പാകിസ്ഥാന്റെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് വിവരം. റഫാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്ന് തൊടുത്ത ക്രൂയ്‌സ് മിസൈലുകള്‍ ലക്ഷ്യംതെറ്റാതെ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാന്‍.