ദില്ലി: തെഹ്‌റാനിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ -നയതന്ത്ര മേധാവി ഇസ്മയില്‍ ഹനിയ്യയുടെ ഭൗതിക ശരീരം ആയിരങ്ങളുടെ നേതൃത്വത്തില്‍ ദോഹയില്‍ ഖബറടക്കി.ജുമാ നമസ്‌കാരത്തിന് മുമ്പായി ആയിരങ്ങളാണ് ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുള്‍ അല്‍ വഹാബ് പള്ളിയില്‍ തടിച്ചുകൂട്ടിയത്. ബുധനാഴ്ച ഇറാനിലെ തെഹ്‌റാനില്‍ അംഗരക്ഷകനൊപ്പം കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെയാണ് ഖത്തറിലെത്തിച്ചത്. തെഹ്‌റാനിലെ തെരുവുകള്‍ കണ്ണീരും പ്രാര്‍ഥനയുമായി വിട നല്‍കിയ രക്തസാക്ഷിക്ക്, ഇനി ഖത്തറിന്റെ മണ്ണില്‍ അന്ത്യവിശ്രമം.തെഹ്‌റാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത വിലാപയാത്രക്കും മയ്യിത്ത് നമസ്‌കാരത്തിനും ശേഷമായിരുന്നു മൃതദേഹം വഹിച്ചുള്ള വിമാനം ദോഹയിലേക്ക് പറന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നേതൃത്വം നല്‍കിയ മയ്യിത്ത് നമസ്‌കാരത്തില്‍ ഇറാന്‍ പ്രസിഡന്റ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍ പങ്കെടുത്തിരുന്നു.
കനത്ത സുരക്ഷയ്ക്കിടയില്‍, വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് മുമ്പായിരുന്നു ദോഹയില്‍ മയ്യിത്ത് നമസ്‌കാരം.മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പള്ളി മുറ്റത്ത് ഒത്തുകൂടിയ ഖത്തറിലെ പലസ്തീന്‍ ജനത ഉള്‍പെടെയുള്ള ആയിരങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദോഹയില്‍ താമസിച്ചിരുന്ന ഹനിയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 20 വര്‍ഷത്തിലേറെയായി ഹമാസിന്റെ രാഷ്ട്രീയ മുഖമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങുകള്‍ പലസ്തീന്‍ ജനതയുടെ നിലയ്ക്കാത്ത പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു. പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തിനും ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പലസ്തീന്‍ പോരാട്ടത്തില്‍ ഇസ്മായില്‍ ഹനിയ്യയുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അഭിപ്രായപ്പെട്ടു. കറുപ്പും വെളുപ്പും പച്ചയും ചുവപ്പും നിറഞ്ഞ പലസ്തീന്‍ പതാക പുതച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനാവലി പള്ളിയിലേക്കെത്തിയത്.
'കഴിഞ്ഞ 300 ദിവസത്തിനുള്ളില്‍ 40,000 പലസ്തീനികളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്.അവരില്‍ ഒരാളാണ് ഹനിയ്യ. ഈ വംശഹത്യയാല്‍ പൊലിഞ്ഞുപോയ ഓരോ ജീവനെയും ഞങ്ങള്‍ ഓര്‍ക്കും,'' ദോഹയില്‍ താമസിക്കുന്ന ഫലസ്തീനിയായ അഹമ്മദ് അല്‍ ജസീറ ചാനലിനോട് പറഞ്ഞു. ഞങ്ങള്‍ ചെറുത്തുനില്‍ക്കും, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമായി കാണാന്‍ ഞങ്ങള്‍ ജീവിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു