ഡിജിറ്റൽ ജോലി ഒരുക്കി കേരളം സർക്കാർ : നേടാം 30000 രൂപ വരെ .
തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് പ്രതിമാസം 30,000 രൂപ വരെ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ പദ്ധതി . വീട്ടിൽ നിന്നും ഡിജിറ്റൽ ജോലി ചെയ്യാനാണ് അവസരം. താത്പര്യമുള്ളവർക്ക് കെ-ഡിസ്കിന്‍റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇതാണ് – https://knowledgemission.kerala.gov.in/ ആദ്യം മേൽപ്പറഞ്ഞ ലിങ്ക് സന്ദർശിച്ച് ഇമെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന് ഒടിപി (വൺ ടൈം പാസ് വേഡ്) ഉപയോഗിച്ച് രജിട്രേഷൻ നടപടികൾ പൂർത്തിയാക്കാം. വിശദമായ ബയോഡേറ്റ അപ്ലോഡ് ചെയ്യാവുന്ന തരത്തിലാണ് പോർട്ടലിന്റെ രൂപകൽപ്പന.
അപേക്ഷകരിൽ നിന്ന് പ്രൊഫഷണൽ വൈദഗ്ദ്ധ്യം ആർജ്ജിച്ചിട്ടുള്ള 32 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചു കഴിഞ്ഞു. രജിസ്റ്റർ ചെയ്തവർക്കുള്ള നൈപുണ്യ പരിശീലനം തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ആരംഭിക്കും. 5 വർഷം കൊണ്ട് 50 ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരുടെ വിവരങ്ങൾ പ്രത്യേകമായി ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. ഇവിടെ നിന്നാണ് തൊഴിൽ ദാതാക്കളായ കമ്പനികൾ ആവർക്കാവശ്യമുള്ളവരെ തിരഞ്ഞെടുക്കുക. ജോലി ലഭിക്കുന്നവരുടെ പി.എഫ്/ ഗ്രാറ്റുവിറ്റി/ ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന സർക്കാർ നൽകും. അന്തർദേശീയ തൊഴിൽ കമ്പോളത്തിൽ കേരളത്തിന്‍റെ ഈ നൂതന സംരംഭം വലിയ താൽപ്പര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒട്ടേറെ ആഗോള കമ്പനികളുമായിട്ടുള്ള ചർച്ചകൾ സജീവമായി നടന്നു വരികയാണ്. ലോകത്തെ ഏറ്റവും വലിയ എംപ്ലോയ്മെന്‍റ് ഏജൻസിയാണ് ഫ്രീലാൻസർ ഡോട്ട് കോം. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് 9 കോടി ആളുകൾക്കാണ് അവർ ജോലി വാങ്ങി നൽകിയിട്ടുള്ളത്. അവരുമായുള്ള ചർച്ചകൾ സംസ്ഥാന സർക്കാർ പൂർത്തീകരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ധാരണാപത്രം ഒപ്പു വയ്ക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എംപ്ലോയ്മെൻറ് ഏജൻസിയാണ് ക്വെസ്കോർപ്പ്. അവരുടെ നേരിട്ടുള്ള ജീവനക്കാരുടെ എണ്ണം 3 ലക്ഷം വരും. മോൺസ്റ്റർ ഡോട്ട് കോം സൈറ്റ് അവരാണ് പരിപാലിക്കുന്നത്. ഇവരുമായുള്ള ചർച്ചകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് വീട്ടിലിരുന്ന് ഡിജിറ്റൽ ജോലി ചെയ്യുവാനുള്ള അവസരം ഒരുക്കുമെന്ന് ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അഭ്യസ്തവിദ്യർ ഉടനെ ഡിജിറ്റൽ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യുക. കെ-ഡിസ്കിൽ നിന്നും നിങ്ങളെ ബന്ധപ്പെടും