എം കെ രാഘവനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍
കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നില്‍ എം കെ രാഘവന്‍ എം പിക്കും കെ പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്ററുകള്‍. എം കെ രാഘവന്റെ നീരാളി പിടുത്തത്തില്‍ നിന്ന് കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവര്‍ സംഘത്തിലെ ഒരാളെ പ്രസിഡന്റ് ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററിലുണ്ട്.
പുതിയ ഡിസിസി നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുപ്രചരണങ്ങളില്‍ വീഴരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചു വെയ്ക്കുന്നില്ല. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എപ്പോഴൊക്കെ കോണ്‍ഗ്രസ് തളര്‍ന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ രാജ്യം കിതച്ചിട്ടുണ്ട്, തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കില്‍ കോണ്‍ഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോണ്‍ഗ്രസ്‌കാരനും തിരിച്ചറിയണമെന്നും സുധാകരന്‍ പോസ്റ്റില്‍ അണികളോടായി കുറിച്ചിരുന്നു.