ഒപ്പോയുടെ ആദ്യ മടക്കിവെയ്ക്കാവുന്ന ഫോണ്‍, ഫൈന്‍ഡ് N
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ തങ്ങളുടെ ആദ്യ മടക്കിവെയ്ക്കാവുന്ന ഡിസ്‌പ്ലെയുള്ള സ്മാര്‍ട്ട്‌ഫോണ്‍, ഫൈന്‍ഡ് N, അടുത്തിടെയാണ് ചൈനയില്‍ അവതരിപ്പിച്ചത്. സാംസങ് ഗാലക്സി Z ഫോള്‍ഡ് 3, ഗാലക്സി F ഫ്‌ലിപ്പ് 3, ഹ്വാവേയ് X തുടങ്ങിയ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ഫോണുകളോട് മത്സരിക്കുന്ന ഒപ്പോ ഫൈന്‍ഡ് N അടുത്തിടെ സംഘടിപ്പിച്ച ഇന്നോ ഡേയിലാണ് അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ചൈനീസ് വിപണിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ഒപ്പോ ഫൈന്‍ഡ് N. എന്നാല്‍ ഭാവിയില്‍ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാവുന്ന ഒപ്പോ ഫൈന്‍ഡ് Nനെപ്പറ്റി വിശദമായി അറിയാം.
8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 7,699 യുവാന്‍ (ഏകദേശം 92,100 രൂപ), 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 യുവാന്‍ (ഏകദേശം 1,07,600 രൂപ) എന്നിങ്ങനെയാണ് ഒപ്പോ ഫൈന്‍ഡ് Nന്റെ വില. കറുപ്പ്, പര്‍പ്പിള്‍, വെള്ള നിറങ്ങളില്‍ ഒപ്പോ ഫൈന്‍ഡ് N വാങ്ങാനാവും.
നാല് വര്‍ഷത്തെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് ഫൈന്‍ഡ് N എന്നാണ് ഒപ്പോ അവകാശപ്പെടുന്നത്. 18:9 ആസ്‌പെക്ട് റേഷ്യോയുള്ള 5.49 ഇഞ്ച് OLED ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിന്. സെറീന്‍ ഡിസ്പ്ലേ എന്ന് വിളിക്കുന്ന ഒപ്പോ വിളിക്കുന്ന അകത്തേക്ക് മടക്കാവുന്ന ഡിസ്പ്ലേയാണ്. പൂര്‍ണമായും തുറക്കുമ്പോള്‍ ഡിസ്പ്ലേയുടെ വലിപ്പം 7.1 ഇഞ്ചായി വര്‍ദ്ധിക്കും. 120Hz റിഫ്രഷ് റേറ്റ്, LTPO സാങ്കേതികവിദ്യ, 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഡിസ്പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ട്സ് പരിരക്ഷയുമുണ്ട്. ബില്‍റ്റ്-ഇന്‍ ആംബിയന്റ് സെന്‍സര്‍ ഉപയോഗിച്ച് 10,240 ഓട്ടോമാറ്റിക് ബ്രൈറ്റ്നെസ് ലെവലുകള്‍ ക്രമീകരിക്കും വിധമാണ് ഡിസ്‌പ്ലേ ക്രമീകരിച്ചിരിക്കുന്നത്.
36 വ്യക്തിഗത ഭാഗങ്ങളുള്ള തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫ്‌ലെക്‌സിഷന്‍ ഹിന്‍ജാണ് ഡിസ്‌പ്ലെയെ മടക്കാന്‍ സഹായിക്കുന്നത്. മടക്കിയ സ്‌ക്രീനിന്റെ പാനലുകള്‍ക്കിടയില്‍ യാതൊരു വിടവുമില്ല (0.01mm പ്രിസിഷന്‍) എന്ന് ഈ ഹിന്‍ജ് ഉറപ്പാക്കുന്നു. കമ്പനിയുടെ അഭിപ്രായത്തില്‍, ഉപയോക്താക്കള്‍ക്ക് 50 ഡിഗ്രിക്കും 120 ഡിഗ്രിക്കും ഇടയിലുള്ള കോണില്‍ ഫോണ്‍ മടക്കിവെക്കാം.ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 888 SoC പ്രൊസസര്‍ 12 ജിബി വരെ LPDDR5 റാമും 512 ജിബി വരെ UFS 3.1 സ്റ്റോറേജുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 33W SuperVOOC വയര്‍ഡ് ചാര്‍ജിംഗോടുകൂടിയ 4500mAh ബാറ്ററിയാണ് ഫോണില്‍. ഇത് അരമണിക്കൂറിനുള്ളില്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുമെന്നും 70 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. 15W AirVOOC വയര്‍ലെസ് ചാര്‍ജിംഗ്, 10W റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ എന്നിവയും പുത്തന്‍ ഒപ്പോ സ്മാര്‍ട്ട്‌ഫോണിനുണ്ട്.
സെറാമിക് ലെന്‍സ് പ്ലേറ്റ് ഉപയോഗിച്ച് സംരക്ഷിച്ച 50-മെഗാപിക്‌സല്‍ സോണി IMX766 പ്രൈമറി സെന്‍സര്‍, 16 മെഗാപിക്‌സല്‍ സെന്‍സറും 3x ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന ടെലിഫോട്ടോ ലെന്‍സ്, റ്റൊരു 13 മെഗാപിക്‌സല്‍ സെന്‍സറും ചേര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമെറായാണ് ഒപ്പോ ഫൈന്‍ഡ് Nല്‍. 32 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും അകത്തെ സ്‌ക്രീനില്‍ മറ്റൊരു 32 മെഗാപിക്‌സല്‍ ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 12-ലാണ് പ്രവര്‍ത്തിക്കുന്നത്. അതെ സമയം ആന്‍ഡ്രോയിഡ് 12 ലഭ്യമാവുന്ന മുറയ്ക്ക് ഓഎസ് അപ്ഡേറ്റ് ചെയ്യാം.