ദില്ലിക്ക് ഇനി പുതിയ മുഖ്യമന്ത്രി, കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന, ഒറ്റക്കെട്ടായ തീരുമാനമെന്ന് എഎപി
 



ദില്ലി:ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനുശേഷം അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റു എംഎല്‍എമാര്‍ തീരുമാനം അംഗീകരിച്ചു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാള്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എംഎല്‍എമാരുടെ യോഗത്തില്‍ അതിഷിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തുവെന്നും കെജ്രിവാള്‍ സത്യസന്ധനാണെന്ന് ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും ഗോപാല്‍ റായി പറഞ്ഞു. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം  ഒറ്റക്കെട്ടായി എടുത്തതാണെന്നും ഗോപാല്‍ റായി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷി സര്‍ക്കാരിനെ നയിക്കും. ബിജെപിയില്‍ നിന്ന് ദില്ലിയെ രക്ഷിക്കുകയാണ് ലക്ഷ്യം. വൈകിട്ട് നാല് മണിക്ക് കെജ്രിവാള്‍ രാജി കത്ത് നല്‍കും. രാജി കത്ത് നല്‍കിയ ശേഷം പുതിയ സര്‍ക്കാരിനുള്ള എംഎല്‍എ മാരുടെ പിന്തുണ കത്ത് നല്‍കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

11വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ദില്ലിയിലെ കല്‍കാജിയില്‍ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. 43ാം വയസ്സില്‍ ദില്ലി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി മര്‍ലേനാ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ദില്ലിയില്‍ എഎപിയുടെ ഭരണതുടര്‍ച്ചയ്ക്ക് സഹായകരമായ പരിഷ്‌ക്കരണ നടപടികളുടെയും ചുക്കാന്‍ അതിഷിക്കായിരുന്നു. നിലവില്‍ മമത ബാനര്‍ജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏക വനിത അതിഷിയാകും.അതേസമയം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാള്‍ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനമായാണ് അതിഷിയുടെ പേര് എംഎല്‍എമാരെ കെജ്രിവാള്‍ അറിയിച്ചത്.

അരവിന്ദ് കെജ്രിവാള്‍ ഇന്നലെ കണ്ട നേതാക്കളില്‍ കൂടുതല്‍ പേര്‍ക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് അനുകൂല നിലപാടായിരുന്നു. സുനിത കെജ്രിവാളിന്റെ പേര് കെജ്രിവാള്‍ നിരാകരിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരില്‍ നിന്ന് പേര് നിര്‍ദ്ദേശിക്കാനാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും  അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media