നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും
തിരുവനന്തപുരം: 15- ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. ആഗസ്ത് 18വരെയാണ് സമ്മേളനം. 2021-22 വര്‍ഷത്തെ ബജറ്റിലെ വകുപ്പ് തിരിച്ചുള്ള ധനാഭ്യര്‍ഥനകളില്‍ ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനം. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചതായി സ്പീക്കര്‍ എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. 20 ദിവസമായിരിക്കും സഭ സമ്മേളിക്കുക.
ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയ്ക്കും ബജറ്റിലെ ധനാഭ്യര്‍ഥനകളിലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും ഓരോ ദിവസം മാറ്റിവച്ചിട്ടുണ്ട്. 2021-ലെ കേരള ധനബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയംകൂടി ഈ സമ്മേളനകാലത്ത് കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാരിന് അവശ്യം നിര്‍വഹിക്കേണ്ട നിയമനിര്‍മാണം ഉണ്ടെങ്കില്‍ അതിന് അധിക സമയം ആവശ്യമായി വരും. ഇക്കാര്യത്തില്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് യുക്തമായ തീരുമാനമെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനം. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും പൂര്‍ത്തീകരിക്കാത്ത അംഗങ്ങള്‍ക്ക് വാക്സിനേഷന് സൗകര്യം ഒരുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.