മഴ സാധ്യത; നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാന്‍ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലില്‍ എത്തുെമെന്നാണ് നിഗമനം. ഇതിനാല്‍ അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മധ്യ,തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി. സ്പില്‍വേ ഗേറ്റ് നാളെ രാവിലെ ഏഴു മണിക്ക് ഉയര്‍ത്തുന്നതിനാല്‍ മന്ത്രിമാരുടെ അധ്യക്ഷതയില്‍ വൈകിട്ട് തേക്കടിയില്‍ ഉന്നതതല യോഗം ചേരും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് വീടുകളിലെത്തി റവന്യൂവകുപ്പ് നിര്‍ദ്ദേശം നല്‍കി. 2018 ല്‍ ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പും നല്‍കാതെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൃത്യമായി മുന്നറിയിപ്പ് നല്‍കി.
ഏഴുമണിക്ക് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ 30 മിനിറ്റുകൊണ്ട് വള്ളക്കടവില്‍ വെള്ളമെത്തും. മഞ്ചുമല ആറ്റോരം, വണ്ടിപ്പെരിയാര്‍, മ്ലാമല, തേങ്ങാക്കല്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ വഴി ഏകദേശം മൂന്നു മണിക്കൂര്‍ കൊണ്ട് ഇടുക്കി അണക്കെട്ടിലെത്തും. നീരൊഴുക്കിന് അനുസരിച്ചായിരിക്കും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് തമിഴ്‌നാട് തീരുമാനിക്കുക. വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ വരെയുള്ള 33 കിലോമീര്‍ ഭാഗത്തുള്ള 3220 പേരോടാണ് മാറ്റിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.