വ്യക്തിപരമായ അധിഷേപം; യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സമാന്ത
സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ ഇരുവരുടെും വ്യക്തി ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സാമന്തയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സാമന്ത.
വിവാഹ മോചന വാര്‍ത്തയെ വളച്ചൊടിച്ച് തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നു എന്ന് പറഞ്ഞാണ് സാമന്ത നോട്ടീസ് അയച്ചിട്ടുള്ളത്. സുമന്‍ ടി.വി, തെലുങ്ക് പോപ്പുലര്‍ ടി.വി, ചില യൂട്യൂബ് ചാനലുകള്‍ എന്നിവക്കെതിരെയാണ് സാമന്ത വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. വിവാഹ മോചന വാര്‍ത്തയെ ചൊല്ലി തനിക്കെതിരെ സംസാരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വെങ്കട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
''ഒരാളുടെ വേദനയില്‍ അമിതമായ സഹാനുഭൂതിയും ഉത്കണ്ഠയും കാണിക്കുന്നതും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ശരിയായ കാര്യമല്ല. എനിക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നു, ഞാന്‍ ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ല, ഞാനൊരു അവസരവാദിയാണ്, ഗര്‍ഭചിദ്രം നടത്തിയെന്നൊക്കെയാണ് എനിക്കെതിരെ ഉയരുന്ന വ്യാജവാര്‍ത്തകള്‍. ഒരു വിവാഹ മോചനം ഏറ്റവും വേദനാജനകമായ കാര്യമാണ്. അതില്‍ നിന്നും സുഖപ്പെടാന്‍ സമയം അനുവദിക്കൂ. എനിക്കെതിരെ ഉയര്‍ത്തുന്ന വ്യക്തിഹത്യ ദയവായി നിര്‍ത്തൂ. വ്യക്തിപരമായി എനിക്കെതിരായ ഈ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാന്‍ ഇത് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു, ഇതുകൊണ്ടൊന്നും തകര്‍ന്നുപോവാന്‍ ഞാനൊരിക്കലും എന്നെ അനുവദിക്കില്ല,''സാമന്ത ട്വീറ്റില്‍ പറഞ്ഞതിങ്ങനെ.
ഈ മാസം ആദ്യത്തിലാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ''ഒരു പാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും നാഗചൈതന്യയും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ വിഷമഘട്ടത്തില്‍ ഞങ്ങളോടൊപ്പം നിന്ന് പിന്തുണക്കണമെന്നും മുന്നോട്ട് പോകാനുള്ള ധൈര്യം തരണമെന്നും ഒപ്പം ഞങ്ങള്‍ക്കാവശ്യമായ സ്വകാര്യത തന്ന് പിന്തുണക്കണമെന്നും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,'' സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പില്‍ സാമന്ത കുറിച്ചതിങ്ങനെ.
2017 ലാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.