കൂനൂര്‍: ഇന്നലെ ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി മദ്രാസ് റെജിമെന്റല്‍ സെന്ററിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം ഊട്ടിയിലെ വെല്ലിഗ്ടണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് രാവിലെ സൈനികവ്യൂഹത്തിന്റെ അകമ്പടിയോടെ മദ്രാസ് റെജിമെന്റ സെന്ററിലേക്ക് എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാന്‍ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്.
പട്ടാള വണ്ടിയില്‍ ഒരുമിച്ചാണ് ജനറല്‍ ബിപിന്‍ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങള്‍ കൊണ്ടു പോയത്. പിന്നാലെ മറ്റു സൈനിക ഉദ്യോ?ഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു. പൊതുദര്‍ശനത്തിനും ആദരമര്‍പ്പിക്കല്‍ ചടങ്ങിനും ശേഷം വൈകിട്ടോടെ ജനറലിന്റേയും പത്‌നിയുടേയും മൃതദേഹം ദില്ലിയിലേക്ക് കൊണ്ടു പോകും. ആദരമര്‍പ്പിക്കല്‍ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരുടേയും മൃതദേഹങ്ങള്‍ സുളൂരിലെ വ്യോമസേന കേന്ദ്രത്തിലേക്ക് എത്തിക്കും അവിടെ നിന്നും ബിപിന്‍ റാവത്തിന്റേയും പത്‌നിയുടേയും മൃതദേഹം ദില്ലിക്കും മറ്റുള്ളവരുടേത് സ്വദേശങ്ങളിലേക്കും അയക്കും.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ ദില്ലിയില്‍ ഭൗതിക ശരീരം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ദില്ലിയില്‍ എത്തിക്കും . നാളെ രാവിലെ 11 മുതല്‍ ദില്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് ദില്ലി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.