ക്രൂഡ് ഓയില്‍ വില വര്‍ധനവിന് കാരണം കോവിഡ്: വിശദീകരണവുമായി കേന്ദ്രമന്ത്രി
കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ കാരണം രണ്ട് വര്‍ഷത്തോളമായി ആഗോള സമ്പദ് വ്യവസ്ഥ താളം തെറ്റിയ നിലയിലാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇക്കാലയളവില്‍ പെട്രോളിയം മേഖലയില്‍ കാര്യമായ നിക്ഷേപങ്ങള്‍ ഉണ്ടായില്ലെന്നും ഇതാണ് ക്രൂഡ് ഓയില്‍ വില വര്‍ധനവിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ആഭ്യന്തരമായ ഉത്പ്പാദനം കുറച്ചതിനാല്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതായി വന്നെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതിയ്ക്ക് ചിലവ് കൂടുതലായ സാഹചര്യത്തിലും സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിച്ചെന്ന് പറഞ്ഞ ധര്‍മ്മേന്ദ്ര പ്രധാന്‍ 100 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ ഇതിനോടകം തന്നെ സൗജന്യമായി വിതരണം ചെയ്തെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ദാര്‍ പട്ടേലിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇതാണ് പട്ടേലിന് നല്‍കാന്‍ കഴിയുന്ന യഥാര്‍ത്ഥ ആദരമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്യൂട്ട് ഹൗസില്‍ എത്തിയ അദ്ദേഹം പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.