എ.വി. ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
പാലക്കാട്: മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. വികാരാധീനായാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്.50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേത്. രാജിവച്ചെങ്കിലും ഉടന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. പിണറായി വിജയന്‍ സമുന്നതനായ നേതാവാണെന്ന് പറഞ്ഞ എ.വി. ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം നടത്തിയത്. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും തന്റെ ഭാവിതീരുമാനങ്ങള്‍. നല്ല പ്രകാശം മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ഏറ്റവും ചങ്കുറപ്പുള്ള നേതാവാണ് പിണറായി വിജയന്‍. പിണറായി വിജയന്റെ ചെരുപ്പ് നക്കേണ്ടിവന്നാലും അഭിമാനമേയുള്ളൂ. ഒരു നേതാവിന്റെയും എച്ചില്‍ നക്കേണ്ട ശീലം തനിക്കില്ലെന്നും എവി ഗോപിനാഥ് പറഞ്ഞു.എന്നും പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന ആളാണ് താനെന്നും പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടത്തുന്നതിനെക്കാള്‍ ഉപരിയായി എവിടെയെങ്കിലും വച്ച് ഇതവസാനിപ്പിക്കണമെന്ന് കരുതുകയാണെന്നും ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നും തന്റെയൊപ്പമുണ്ടായിരുന്നു.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഈശ്വരനെക്കാള്‍ വലുതായി ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ് ലീഡര്‍. ഒപ്പം നിന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നെന്നും എ വി ഗോപിനാഥ് പറഞ്ഞു.
പാലക്കാട്ടെ ഡിസിസി അധ്യക്ഷനായി എ.തങ്കപ്പനെ തെരഞ്ഞെടുത്തതില്‍ കടുത്ത അതൃപ്തിയായിരുന്നു രേഖപ്പെടുത്തിയത്. പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രാദേശിക നേതാക്കളുമായി ഇന്നലെ ഏറെ വൈകിയും ഗോപിനാഥ് ചര്‍ച്ച നടത്തിയിരുന്നു. 11 പഞ്ചായത്തംഗങ്ങളും ഗോപിനാഥിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവന്നത്. ഗോപിനാഥിനെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്കുവീണത്