സംയുക്തയുടെ 'എരിഡ' ആമസോണ്‍ പ്രൈമില്‍ റിലീസായി
ഒരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനത്തിനായെത്തി. സംയുക്ത മേനോനെ പ്രധാനകഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമായ 'എരിഡ'യാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.
ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന തരത്തിലാണ് കഥ പറയുന്നത്. ചിത്രം തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, വളരെ ബോള്‍ഡായ കഥാപാത്രമാണ് ചിത്രത്തില്‍ സംയുക്തയുടേത്. മികച്ച രീതിയില്‍ തന്നെ അത് പെര്‍ഫോം ചെയ്യാന്‍ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വി കെ പ്രകാശ് പറഞ്ഞു.
നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും പ്രധാന റോളില്‍ എത്തുന്നുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം കൂടിയാണ് എരിഡ.
ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകനാണ് ബാബു. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് എരിഡ.