സംസ്ഥാനത്ത് കൊളേജുകള്‍ തുറക്കുന്നു; ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ നാല് തൊട്ട് അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ക്ലാസുകള്‍ നടത്തുക ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും. ഇപ്പോള്‍ സിഎഫ്എല്‍ടിസികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളുമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാക്കുമെന്നും അറിയിച്ചു .
ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പിടിഎയുടേയും സഹായം തേടുമെന്നും ക്ലാസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോവിഡ് ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണമെന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഇതിനായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുകയും ഇതിനാവശ്യമായ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉറപ്പാക്കുകയും ചെയ്യും. ഒരു ഡോസ് വാക്‌സിനെങ്കിലും കിട്ടാത്ത കുട്ടികളുടെ പട്ടിക തയാറാക്കി സ്ഥാപന മേധാവികള്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.