ഡെല്‍ഹിയില്‍ മാധ്യമസ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്‌ക്ലിക്ക്, ന്യൂസ്ലോണ്ട്രി എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.
ഓഫീസിനകത്തുള്ളവരുമായി പുറത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏഴോളം പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്.
ഈ വര്‍ഷം തന്നെ ഫെബ്രുവരി മാസത്തില്‍ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റര്‍മാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിരവധി മാധ്യമസ്ഥാപനങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ന്യൂസ്‌ക്ലിക്ക് ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഇഡി അന്വേഷണത്തില്‍ നിന്ന് താത്കാലിക ആശ്വാസം നേടിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്‌കര്‍ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.