മൂന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ളവനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും. എട്ടു സംഘങ്ങളെയാണ് രൂപീകരിക്കേണ്ടത്. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ജോലികള്‍ ചെയ്യണം എന്നത് വിശദീകരിച്ചു നല്‍കും. മറ്റു വകുപ്പുകളെ ഉള്‍പ്പെടുത്തി നാളെ മോക്ക് ഡ്രില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അനുകൂല വിധി വന്നാല്‍ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവില്‍ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്.. ആനയുടെ നിരീക്ഷണത്തിനായി വാച്ചര്‍മാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിയ ആര്‍ആര്‍ടിയും ഡോ. അരുണ്‍ സഖറിയയും ചിന്നക്കനാലില്‍ തുടരുകയാണ്.
പതിനെട്ട് വര്‍ഷം കൊണ്ട് 180ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്നതെന്നാണ് കണക്ക്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പില്‍ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിത്.2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 23 എണ്ണം ഈ വര്‍ഷം തകര്‍ത്തതാണ്. ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നു വീണ് 30 ഓളം പേര്‍ക്ക് പരുക്കേറ്റു. അരിക്കൊമ്പന്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
അക്ഷയ സെന്റര്‍ വഴി അപേക്ഷ സമര്‍പ്പിച്ചവരുടെ മാത്രം എണ്ണമാണുള്‍പ്പെടുത്തിയിട്ടുള്ളത്. ആനയിറങ്കള്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പലതവണയാണ് അരിക്കൊമ്പന്‍ തകര്‍ത്തത് . പല സ്ഥലത്തായി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തതിനാല്‍ കണക്കിലുള്‍പ്പെടുത്തിയിട്ടില്ല. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങള്‍ ഷെഡുകള്‍ പട്ടയമില്ലാത്ത സ്ഥലത്ത് തകര്‍ത്ത വീടുകള്‍ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. 2010 മുതല്‍ ഈ മാര്‍ച്ച് 25 വരെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.