സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞു; ഒരു പവന് 35,920 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4490 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഇതിനിടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഓണ്‍സിന് 0.2 ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളര്‍ കരുത്തുനേടിയതാണ് സ്വര്‍ണവിലയെ ബാധിച്ചിരിക്കുന്നത്.