വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി സൊമാറ്റോ.
വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഈ വര്‍ഷാവസാനത്തോടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ എണ്ണം 10 ശതമാനമായി വര്‍ധിപ്പിക്കുമെന്നു സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി. നിലവില്‍ സൊമാറ്റോയുടെ വിതരണ ജീവനക്കാരില്‍ 0.5 ശതമാനം മാത്രമാണ് വനിതകളുള്ളത്. ബംഗളൂരു, ഹൈദരാബാദ്, പൂനൈ നഗരങ്ങളിലാണ് ഈ മാറ്റം ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ഞങ്ങളുടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് നടത്തുകയാണ്. 2021 അവസാനത്തോടെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ വിതരണ ജീവനക്കാരില്‍ 10 ശതമാനം വനിതകളെന്ന ലക്ഷ്യം കൈവരിക്കാനൊരുങ്ങുകയാണ് സോമറ്റോ. മൂന്ന് നഗരങ്ങളില്‍ 10 ശതമാനം വനിതാ പങ്കാളിത്തം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ഒരുക്കങ്ങളും കമ്പനി നടത്തും. എല്ലാ വനിതാ വിതരണ ജീവനക്കാര്‍ക്കുമായി സെല്‍ഫ് ഡിഫന്‍സ് പരിശീലനവും സൊമാറ്റോ നല്‍കും. പ്രഥമ ശുശ്രൂഷ കിറ്റുകളും ശുചിത്വം പാലിക്കുന്നതിനായി സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. കൂടാതെ എസ്ഒസ് സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സംവിധാനങ്ങളും വനിതാ വിതരണ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ക്കുന്നു. റസ്റ്റോറന്റുകളുടെ ഭാഗത്തു നിന്നും പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും സൊമാറ്റോ അറിയിക്കുന്നു. വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളും തുല്യതയോടെ പരിഗണിക്കും.