ജോലി സ്ഥലത്തെ പക, സുഹൃത്തിനെ വിളിച്ചുവരുത്തി തലയറുത്ത് കൊന്നു


ലക്‌നൌ: ഒപ്പം മദ്യപിക്കാന്‍ വിളിച്ചുവരുത്തിയ സുഹൃത്തിന്റെ തലയറുത്ത് (Beheaded), തല ചവറുകൂനയില്‍ കളയുന്നതിന് മുമ്പ് ഒരു രാത്രി മൃതദേഹത്തിനൊപ്പം  കിടന്നുറങ്ങി യുവാവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ക്രൂരമായ കൊലപാതകംനടന്നത്. കൊലപാതകം നടന്ന് പിറ്റേന്ന് രാവിലെയാണ് അറുത്തെടുത്ത തല ചവറുകൂനയില്‍ തള്ളിയത്. പ്രതി സന്ദീപ് മിശ്ര ഓട്ടോമൊബൈല്‍ കമ്പനിയിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട പ്രമോദ് കുമാര്‍ പ്രതി മിശ്രയുടെ സീനിയര്‍ ആണ്. തന്നെ പറ്റിയുളള പരാതികള്‍ പ്രമോദ് സീനിയര്‍ ഉദ്യോഗസ്ഥരോട് പറയുന്നതില്‍ മിശ്ര അസ്വസ്ഥനായിരുന്നു. 

ഞായറാഴ്ചയാണ് സംഭവം നടന്നത്. 300 കിലോമീറ്റര്‍ അകലെ കാസ്ഗഞ്ചില്‍ താമസിക്കുന്ന പ്രമോദ് കുമാറിന്റെ ഭാര്യയ്ക്ക് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ അന്വേഷിച്ചപ്പോളാണ് തിങ്കളാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്ന് അറിഞ്ഞത്. ഇതോടെ പ്രതിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. സ്ത്രീ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോള്‍ രക്തം കാണുകയും ഉടന്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം പുറത്തറിഞ്ഞെന്ന് മനസ്സിലായതോടെ സന്ദീപ് മിശ്ര തന്റെ വീടിന് സമീപത്ത് നിന്ന് ഒളിച്ചോടുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് പ്രമോദ് കുമാറിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയത്.

പ്രമോദ് കുമാറും സന്ദീപ് മിശ്രയും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് ഇരുവരും ആദ്യം അടുപ്പത്തിലായത്. മെഷീന്‍ തകരാറിലായതിന് സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തി പ്രമോദ് കുമാര്‍ അടുത്തിടെ നടത്തിയ വഴക്ക് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി. 

ഞായറാഴ്ച സന്ദീപ്, പ്രമോദ് കുമാറിനെ വിളിച്ച് മദ്യപിക്കാന്‍ ക്ഷണിച്ചു. മദ്യലഹരിയിലായിരുന്ന പ്രമോദിനെ സന്ദീപ് കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ മൃതദേഹവുമായി ഉറങ്ങി, പിറ്റേന്ന് അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിയുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് തിങ്കളാഴ്ച ഏറെക്കുറെ വീടിനടുത്ത് ചുറ്റിത്തിരിയുകയായിരുന്നു സന്ദീപ് മിശ്ര.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media