കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി അഭിപ്രായം പറയുന്നില്ലെന്നും രണ്ട് സംസ്ഥാനങ്ങളും ഒരുപോലെയാണെന്നും ജല വിഭവ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് പ്രതാപ് റൂഡി. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനം. രണ്ട് സംസ്ഥാനങ്ങളുടെയും ആശങ്കകള്‍ കേട്ടു. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന വിഷയത്തില്‍ കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പില്‍ ഇന്ന് കേരളവും തമിഴ്‌നാടും ചര്‍ച്ച നടത്തി. മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം' എന്ന നിലപാട് കേരളം അറിയിച്ചു. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തി. കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. എംപിമാരായ ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തര്‍സംസ്ഥാന ചര്‍ച്ച നടക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ തടയുമെന്ന് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരും നിലപാടെടുത്തിരുന്നു. ?വിജയ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 152 അടിയായി ജലനിരപ്പ് ഉയര്‍ത്താനുള്ള എല്ലാവിധ ശ്രമങ്ങളും തമിഴ്‌നാടിന്റെ ഭാ?ഗത്തുനിന്ന് ഉണ്ടാകുമെന്നും ഡാമിന്റെ അറ്റകുറ്റപ്പണിയുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ നയത്തിലുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച നടക്കുന്നത്.