മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5,6 തീയതികളില്‍ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.

സംസ്ഥാനത്തെ മഴക്കെടുതില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കണ്ണൂര്‍ കൂത്തുപറമ്പ് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി ഇടത്തില്‍ രാരിഷ് ആണ് മരിച്ചത്. കാപ്പാട് വെള്ളക്കെട്ടില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയാണ്ടി സ്വദേശി നൗഷാദിന്റെ മകന്‍ മാസിന്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കിട്ടി. അഞ്ച്‌തെങ്ങ് സ്വദേശി ഫ്രീമോന്റെയും വിഴിഞ്ഞം സ്വദേശി ആന്റണിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കൊല്ലത്തും കണ്ണൂരിലും തിരുവനന്തപുരത്തും രണ്ട് പേരെ വീതം കടലില്‍ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായ പത്തനംതിട്ട റാന്നിയില്‍ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുള ഇപ്പോഴും വെള്ളത്തിലാണ്. അപ്പര്‍ കുട്ടനാടും വെള്ളക്കെട്ടില്‍ തുടരുന്നു. വിവിധ മഴ അപകടങ്ങളില്‍ സംസ്ഥാനത്ത് പരിക്കേറ്റ് ചികിത്സയിലുള്ളത് 13 പേര്‍ ആണ്. 27 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്ന് എന്നാണ് സര്‍ക്കാര്‍ കണക്ക്. 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media