കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്നസംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി ആവര്‍ത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാന്‍ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
സ്‌ട്രോങ്ങ് റൂമിന് സമീപം ഒരു സ്‌പെയര്‍ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, സ്‌ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താന്‍ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജന്റിന്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാല്‍ തുറന്നത് സ്‌ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കള്‍ പരാതി ഉന്നയിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.