തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി നടപ്പാക്കും. യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറിയില്‍ നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്. കെ എസ് ആര്‍ടിസി ക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാന്‍ ധന കാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. ആദ്യ 100 ദിനം പദ്ധതി പഠിച്ചു. രണ്ടാം ഘട്ടം നടപ്പാക്കും.
ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആര്‍.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. ഈ കാലയളവിലെ യാത്രാ രീതികളും പഠിച്ച ശേഷം, രണ്ടാം ഘട്ടത്തില്‍ മറ്റ് ബസുകളിലേക്ക് കൂടി ആനുകൂല്യം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും.