തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണര്‍ ചുമതലപ്പെടുത്തി. ലൈസന്‍സിലെ പേരിനൊപ്പമുള്ള എംഎല്‍എ എന്ന പദവി നീക്കം ചെയ്യാനും ഡാറ്റാബേസിലെ പേര് ഉടനടി തിരുത്തുന്നതിനും ലൈസന്‍സിംഗ് അതോറിറ്റിക്ക് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കും. ഇതിനൊപ്പം തന്നെ പ്രായപൂര്‍ത്തിയാകും മുന്നേ (18 വയസ്സാകുന്നതിന് മുന്‍പ്) ഗണേഷ് കുമാറിന് ലൈസന്‍സ് നല്‍കിയെന്ന ആരോപണത്തിലടക്കം ശക്തമായ നടപടിക്ക് നിര്‍ദ്ദേശമുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് അക്കാലത്ത് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥന്‍ ആരാണെന്ന് കണ്ടെത്താന്‍ ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.