'ഇന്ദ്രന്‍സ് ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി'; ഹോം കണ്ട സിദ്ധാര്‍ഥ് പറയുന്നു
മലയാളം ഒടിടി റിലീസുകള്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ഒന്നായിരുന്നു ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഹോം' റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന മധ്യവര്‍ഗ്ഗ കുടുംബനാഥനായാണ് ഇന്ദ്രന്‍സ് എത്തിയത്. ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഒലിവര്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തിയതിനാല്‍ മലയാളികള്‍ക്ക് പുറത്തേക്കും ചിത്രം എത്തിയിരുന്നു. പല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട നടന്‍ സിദ്ധാര്‍ഥും (Siddharth) സിനിമയെയും ഇന്ദ്രന്‍സിന്റെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സിനിമ തനിക്ക് ഏറെ ഇഷ്ടമായെന്നും ഇന്ദ്രന്‍സ് തന്റെ പ്രിയ നടന്മാരില്‍ ഒരാളാണെന്നും സിദ്ധാര്‍ഥ് പറയുന്നു- 'ഹോം എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രന്‍സ് ചേട്ടന്‍. ഈ ചിത്രം കണ്ടതിനു ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ഥവത്തായ സിനിമകള്‍ എടുക്കണമെന്നും നമ്മളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന നടന്മാര്‍ നമുക്ക് ഇപ്പോഴുമുണ്ട് എന്നതില്‍ ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. കേരളത്തില്‍ നിന്ന് അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വരുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്‌നേഹം', ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആമസോണ്‍ പ്രൈമിന്റെ ഓണം റിലീസ് ആയി എത്തിയ ചിത്രം നിര്‍മ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു. ഇന്ദ്രന്‍സിനും ശ്രീനാഥ് ഭാസിക്കുമൊപ്പം മഞ്ജു പിള്ള, നസ്‌ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ആശ അരവിന്ദ്, ദീപ തോമസ്, കെ പി എ സി ലളിത തുടങ്ങിയ താരനിരയും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളും അണിയറയില്‍ പുരോഗമിക്കുകയാണ്. അബണ്ടന്‍ഷ്യയുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ഹോമിന്റെ ബോളിവുഡ് റീമേക്കും നിര്‍മ്മിക്കുന്നത്.