കൊച്ചി: ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടുനിന്നു.ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. വധഗൂഡാലോചന കേസില്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.