വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി;ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സര്‍ക്കാറിന് തീരുമാനിക്കാം


കൊച്ചി : അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാല്‍ തൃശ്ശൂര്‍ പൂരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 
സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിരോധനം തുടരും. എന്നാല്‍ ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

രാത്രി 10 മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് വെടിക്കെട്ടിനുള്ള നിരോധനം നിലനില്‍ക്കുമെങ്കിലും ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന് വെടിക്കെട്ടിന് അനുമതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ്  സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഹര്‍ജിയുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങള്‍ പരിഗണിച്ചെന്നും, സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു കക്ഷികളോട് സിംഗിള്‍ ബെഞ്ചല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും  കോടതി നിര്‍ദ്ദേശം നല്‍കി.

 സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികള്‍ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ അപ്പീലിലുണ്ടായിരുന്നത്. ഏതെങ്കിലും ക്ഷേത്രത്തില്‍ വെടിക്കോപ്പുകള്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹര്‍ജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.

ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നല്‍കി 2005 ല്‍ സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുണ്ട്.2006 ല്‍ ഇതില്‍ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഹര്‍ജിയിലെ ആവശ്യങ്ങളേക്കാള്‍ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media