20 രൂപയുടെ നാണയമടക്കം അഞ്ച് കോയിനുകളുമായി ധനമന്ത്രാലയം
500, 1000 രൂപ മൂല്യമുള്ള നോട്ടുകള്‍ വിപണിയില്‍നിന്നു പിന്‍വലിച്ച് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപ മൂല്യമുള്ള പുതിയ നാണയങ്ങളാകും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കുകയെന്നാണു റിപ്പോര്‍ട്ട്. പുതിയ നാണയങ്ങളില്‍ '75th year of independance' എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കും. കൂടാതെ ഇതു വ്യക്തമാക്കുന്ന ഒരു ഒരു ലോഗോയും ഉണ്ടാകുമെന്നു റിപ്പോര്‍ട്ടുകളിലുണ്ട്. നാണയങ്ങള്‍ എന്നു പൊതുവിണയില്‍ അവതരിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല. കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും നാണയങ്ങളുടെ നിര്‍മാണം. നാണയങ്ങളെപ്പറ്റി നിലവില്‍ ലഭ്യമായ വിവരങ്ങള്‍ താഴെ.
എല്ലാ നാണയങ്ങളുടേയും മുന്‍വശത്ത് സത്യമേവ ജയതേ എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കും. കൂടാതെ ആശോകസ്തംഭവും ഉണ്ടാകും. ഇടതുവശത്തായി ഇന്ത്യയെന്ന് ഹിന്ദിയിലും വലതു ഭാഗത്ത് ഇംഗ്ലീഷിലും ഏഴുതിയിരിക്കും. പിന്‍വശത്താകും 75-ാം സ്വതന്ത്ര്യ ആഘോഷത്തിന്റെ ലോഗോ ഉണ്ടാകുക. ലോഗോയ്ക്കു കീഴില്‍ രൂപയുടെ ചിഹ്നത്തിനൊപ്പം നാണയങ്ങളുടെ മൂല്യം വ്യക്തമാക്കുന്ന അക്കങ്ങളുണ്ടാകും. നാണയത്തിന്റെ മുകളിലായി '75th year of independance' എന്നും ഇടതുവശത്ത് അരികില്‍ നാണയം പുറത്തിറക്കിയ വര്‍ഷവും ഉണ്ടാകും.
2016 നവംബര്‍ എട്ടിനായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ മൂല്യമുള്ള കറന്‍സികള്‍ വിപണിയില്‍നിന്നു പിന്‍വലിച്ചത്. കള്ളപ്പണം തടയുന്നതിനായിരുന്നു നടപടി. ആളുകളുടെ കൈയിലുണ്ടായിരുന്ന പഴയ നോട്ടുകള്‍ ഘട്ടംഘട്ടമായി മാറി നല്‍കി. പുതിയ 500 രൂപ, 2000 രൂപ കറന്‍സികള്‍ പുറത്തിറക്കി. ഇതു കൂടാതെ 20, 50, 100, 200 രൂപ കറന്‍സികളും വിപണികളില്‍ അവതരിപ്പിച്ചു. നോട്ട് നിരോധനം നടപ്പാക്കി അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ വിപണികളിലുള്ള നോട്ടുകളുടെ മൂല്യം വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും പിന്‍വലിച്ച നോട്ടുകള്‍ക്കു എന്ത് സംഭവിച്ചുവെന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ടാകും. നോട്ടുകള്‍ അസാധുവാക്കിയെന്നും ഇനി വിപണികളില്‍ തിരിച്ചെത്തില്ലെന്നും 2017ല്‍ ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിരുന്നു. പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണു ഉപയോഗിക്കുന്നത്.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എന്‍.ഐ.ഡി) വിദ്യാര്‍ഥികള്‍ പഴയ 500, 1000 നോട്ടുകള്‍ കൊണ്ട് നിരവധി ഉല്‍പ്പന്നങ്ങളാണു ഇതോടകം നിര്‍മിച്ചത്. ആര്‍.ബി.ഐ. തന്നെയാണ് എന്‍.ഐ.ഡിയുടെ സഹായം തേടിയത്. തലയിണകള്‍, ടേബിള്‍ ലാമ്പുകള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന വസ്തുക്കളാണ് പഴയ നോട്ടുകള്‍ വഴി നിര്‍മിച്ചതെന്നാണു റിപ്പോര്‍ട്ട്. പിന്‍വലിച്ച നോട്ടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ ലയിക്കില്ലെന്നതും നിറം പോകില്ലെന്നതും നിര്‍മാണത്തിനു നേട്ടമായി. നോട്ടുകള്‍ നിര്‍മിക്കാന്‍ പേപ്പറുകള്‍ക്കു പകരം ലിനന്‍ ആണ് ഉപയോഗിക്കുന്നതെന്ന് ആര്‍.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്.