കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. ഇതിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. തന്റെ പിതാവിന്റെ മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. എന്നാല്‍ എം എം ലോറന്‍സിന്റെ താല്‍പര്യപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയതെന്ന് മകന്‍ സജീവന്‍ അറിയിച്ചിരുന്നു.
നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ആഴ്ചകളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനാട്ടമി വിഭാഗത്തിന് കൈമാറും. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാരിയായ മകള്‍ ആശ ലോറന്‍സ് അറിയിച്ചു.
കഴിഞ്ഞ മാസം 21 നായിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.