കാണികൾക്കും പ്രവേശനം; ക്രിക്കറ്റ് മൽസരത്തിന് ഒരുങ്ങി യു.എ.ഇ
ദുബൈ: ഒന്നര വർഷത്തിനു ശേഷം ക്രിക്കറ്റ് ആരവത്തിന് കാതോർത്തിരിക്കുകയാണ് യു.എ.ഇ. കാണികൾക്കും പ്രവേശനമുണ്ടെന്ന വാർത്ത ആവേശത്തോടെയാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസണിലെ ബാക്കി മത്സരങ്ങൾ നാളെ യു.എ.ഇയിൽ പുനരാരംഭിക്കുേമ്പാൾ ഗാലറിയിലെത്തി ഇഷ്ട ടീമിനായി ആർപ്പുവിളിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികളടക്കമുള്ള കാണികൾ.
അതേസമയം, അബൂദബിയിലും ഷാർജയിലും മത്സരം കാണാൻ എത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വെബ്സൈറ്റുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈ സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന ഫലം ആവശ്യമില്ല. വാക്സിനെടുത്തവർക്ക് മാത്രമാണ് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഷാർജയിലും അബൂദബിയിലും അൽഹുസ്ൻ ആപ്പിൽ പച്ച സിഗ്നൽ ലഭിക്കണം. ഷാർജയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷനും കോവിഡ് പരിശോധനയും നിർബന്ധമില്ല. ദുബൈയിൽ 12 വയസ്സിൽ താഴെയുള്ളവർക്കാണ് ഇളവ്. അബൂദബിയിൽ 12 - 15 വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമില്ലെങ്കിലും കോവിഡ് പരിശോധന ഫലം നിർബന്ധമാണ്. 12 വയസ്സിൽ താഴെയുള്ളവർക്ക് രണ്ടും നിർബന്ധമില്ല. അതേസമയം, മറ്റ് സ്റ്റേഡിയങ്ങളിലെയും ടിക്കറ്റ് നിരക്ക് പുറത്തുവന്നു. ഏറ്റവും കുറവ് അബൂദബിയിലാണ്, 60 ദിർഹം. ദുബൈയിലും ഷാർജയിലും ഏറ്റവും കുറഞ്ഞ നിരക്ക് 200 ദിർഹമാണ്. പല മത്സരങ്ങൾക്കും പല രീതിയിലാണ് ടിക്കറ്റ് നിരക്ക്.