ദില്ലി : ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാരുകള്‍ കോടതിയില്‍ വരുന്നത് വരെ ഗവര്‍ണര്‍മാര്‍ നടപടി എടുക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവര്‍ണര്‍മാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓര്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരളം നല്കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.
''ആര്‍ക്കെങ്കിലും അവരുടെ ഉള്ളില്‍ സംശയം ഉണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. ആ സംശയം മാറ്റും''... സുപ്രീംകോടതിയില്‍ കേരളം ഹര്‍ജി നല്‍കിയതിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമര്‍ശത്തില്‍ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു. സംസ്ഥാനത്തിന്റെ ഹര്‍ജി പരാമര്‍ശിച്ച മുന്‍ അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. കേരളത്തിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
പഞ്ചാബ് ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതിനെതിരായ ഹര്‍ജിയാണ് കോടതി ഇന്നാദ്യം കേട്ടത്. പഞ്ചാബ് ഗവര്‍ണര്‍ ബില്ലുകളില്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഈ സമയത്താണ് ഗവര്‍ണര്‍മാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ''സുപ്രീംകോടതിയില്‍ ഹര്‍ജി വന്നതിനു ശേഷം മാത്രമാണ് ഗവര്‍ണര്‍മാര്‍ നടപടി എടുക്കുന്നത്. എന്തിന് അതുവരെ കാത്തിരിക്കണം. ഗവര്‍ണര്‍മാരും ഭരണഘടന തത്വങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഗവര്‍ണര്‍മാര്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി''
ഗവര്‍ണര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇടയില്‍ ഇത്തരം വിഷയങ്ങള്‍ രമ്യമായി തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കേരളം, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ വെള്ളിയാഴ്ച ഒന്നിച്ച് പരിഗണിക്കും. സുപ്രീംകോടതിയുടെ ഇന്നത്തെ നിരീക്ഷണത്തോടെ തീരുമാനം എടുക്കാന്‍ ഗവര്‍ണറുടെ മേലുള്ള സമ്മര്‍ദ്ദം ശക്തമാകുകയാണ്.