പഴയ വാഹനം പൊളിക്കല്‍ നയം; രാജ്യത്തെ വാഹന മേഖലയില്‍ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്തെ വാഹന ലോകത്ത് വമ്പന്‍ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഗുജറാത്തില്‍ ഇന്ന് നടക്കുന്ന നിക്ഷേപക സമിറ്റിലാണ് നയം പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ വികസന യാത്രയില്‍ നാഴികല്ലാകുന്ന തീരുമാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുതിയ നയം അനുസരിച്ച് കമേഴ്‌സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ പരമാവധി 20 വര്‍ഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.
പുതിയ പൊളിക്കല്‍ നയം വാഹന മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലയിലും ഈ തീരുമാനം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാകും. മാലിന്യത്തില്‍ നിന്ന് സമ്പത്ത് എന്നതാണ് ഈ നയം. 10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങള്‍ വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പഴയ വാഹനങ്ങല്‍ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കല്‍ നയം പരിസ്ഥിതിക്കുള്ള ആഘാതം തടയാനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് നിതിന്‍ ഗഡ്ക്കരി. പുതിയ നയം നടപ്പാക്കുമ്പോള്‍ 3.7 കോടി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും എന്നും ജിഎസ്ടി വരുമാനത്തില്‍ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും നിതിന്‍ ഖഡ്ക്കരി വ്യക്തമാക്കി.