സിബിഐ സ്റ്റാന്റിഗ് കൗണ്‍സില്‍ നിയമനം പറഞ്ഞ്  അനില്‍ ആന്റണി 25 ലക്ഷം വാങ്ങി;ഭൂമിയിടപാടില്‍ ശോഭാ സുരേന്ദ്രന്  10 ലക്ഷവും നല്‍കിയെന്ന് ദല്ലാള്‍ നന്ദകുമാര്‍ 


 



ദില്ലി : അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. അനില്‍ നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിന്റെ ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ പകര്‍പ്പ് കൈയ്യിലുണ്ടെന്നും തനിക്ക് അനില്‍ തന്ന വിസ്റ്റിങ് കാര്‍ഡുണ്ടെന്നും നന്ദകുമാര്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്റ്റാന്റിങ് കൗണ്‍സില്‍ ഇന്റര്‍വ്യൂ കോള്‍ ലെറ്ററും ഫോണ്‍ രേഖകളും ചില ഫോട്ടോകളും നന്ദകുമാര്‍ പുറത്ത് വിട്ടു. ആന്റൂസ് ആന്റണിയാണ് അനില്‍ ആന്റണിയുടെ പുതിയ ദല്ലാളെന്ന് മോദിയും ആന്റൂസ് ആന്റണിയും അനില്‍ ആന്റണിയും ചേര്‍ന്നുളള ഫോട്ടോ പുറത്ത് വിട്ട് നന്ദകുമാര്‍ പറഞ്ഞു. 

അനില്‍ വഴി സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാനായിരുന്നു ശ്രമം. കേരള ഹൈക്കോടതിയില്‍ നിയമിക്കാന്‍ ആയിരുന്നു ശ്രമിച്ചത്. പക്ഷെ സിബിഐ ഡയറക്ടര്‍ മറ്റൊരാളെ വെച്ചു. അനില്‍ ആന്റണി 25 ലക്ഷം രൂപയാണ് പണമായി തന്റെ കയ്യില്‍ നിന്നും വാങ്ങിയത്. കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസും പിജെ കുര്യനുമാണ് ഇടനില നിന്നത്. അഞ്ച് ഗഡുക്കളായാണ് പണം തിരികെ നല്‍കിയത്. നാല് ഗഡു തന്ന ശേഷം അഞ്ചാമത്തെ ഗഡു തരാനാകില്ലെന്നും അത് പുതിയ ഇടനിലക്കാരനായ ആന്റൂസ് ആന്റണിക്ക് നല്‍കിയ തുകയാണെന്നും പറഞ്ഞു. എന്നാല്‍ അത്  തനിക്കറിയേണ്ടെന്നും തന്റെ 25 ലക്ഷവും തിരികെ തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് 25 ലക്ഷവും തിരികെ തന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നു. 4-1- 23 ന് ആണ് ശോഭാ സുരേന്ദ്രന്‍ പണം വാങ്ങിയത്. ഭൂമി ഇടപാടിന് കരാര്‍ ഉണ്ടായിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നല്‍കിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നല്‍കിയിട്ടില്ലെന്നും ദല്ലാള്‍ നനന്ദകുമാര്‍ വ്യക്തമാക്കി. ശോഭ നേരിട്ട് വിളിച്ചാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. ശോഭയുമായി നല്ല ബന്ധമുണ്ടായിരുന്നു. ശോഭയ്ക്ക് ഒപ്പമുള്ളവര്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രന്‍ പോണ്ടിച്ചേരി ഗവര്‍ണറാകാന്‍ ശ്രമം നടത്തിയിരുന്നു.

താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്.  അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്‍ഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സര്‍ക്കാര്‍ വന്നാലും ഇതില്‍ അന്വേഷണം ഉണ്ടാകും. തനിക്കെതിരെയും അന്വേഷിക്കുമെന്ന് അറിയാം. ആരോപണങ്ങള്‍ എല്ലാം ഉന്നയിക്കുന്നത്  ഉത്തരവാദിത്വത്തോടെയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പിനുള്ള  പണം കേരളത്തിലേക്ക് എത്തിയിട്ടില്ല. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചത്. കേസ് വന്നാല്‍ താന്‍ പ്രതിയാകുമെന്ന് അറിഞ്ഞ് തന്നെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media