ബി.ആര്‍ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിച്ചു
ദില്ലി: എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകനും പ്രമുഖ പ്രവാസിവ്യവസായിയുമായി ബി ആര്‍ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ യുകെ കോടതി മരവിപ്പിച്ചു. ഷെട്ടിയെ കൂടാതെ, എന്‍എംസി ഹെല്‍ത്തിന്റെ മറ്റ് പ്രധാന ഉടമകളുടെയും കമ്പനി എക്‌സിക്യൂട്ടീവുകളുടെയും ആസ്തികളും മരവിപ്പിച്ചിട്ടുണ്ട്. കമ്പനി സിഇഒ പ്രശാന്ത് മംഗാട്ട്, മറ്റ് നിക്ഷേപകരായ ഖലീഫ അല്‍ മുഹൈരി, സയീദ് അല്‍-ഖ്വെബൈസി എന്നിവരും മറ്റ് എക്‌സിക്യൂട്ടീവുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായ തട്ടിപ്പ് ആരോപിച്ച് 2020 ഏപ്രില്‍ 15 ന് ആണ് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ബി.ആര്‍ ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്., പ്രതികളുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കണമെന്നായിരുന്നു ആവശ്യം.
നിലവിലെ ഉത്തരവ് പ്രകാരം ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വത്തുക്കള്‍ ലോകത്തെവിടെയും വില്‍ക്കാന്‍ കഴിയില്ല .1970 കളില്‍ സ്ഥാപിതമായ എന്‍എംസി ഹെല്‍ത്ത് യുഎഇലെഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കളായിരുന്നു, എന്നാല്‍ അക്കൗണ്ടിംഗ് തട്ടിപ്പ് ആരോപണത്തെത്തുടര്‍ന്ന് കമ്പനി തകരുകയായിരുന്നു. ആരോപണങ്ങള്‍ക്കിടയിലും കമ്പനി യുകെയിലേക്ക് ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ മാറ്റിയിരുന്നു
തട്ടിപ്പിന്റ മുഖ്യ നായകന്‍ ഷെട്ടിയാണെന്ന് ആരോപിച്ചിരുന്നെങ്കിലും മുന്‍ എക്സിക്യൂട്ടീവുകളാണ് തട്ടിപ്പ് നടത്തിയതെന്ന് നിലവിലെ സിഇഒ മൈക്കല്‍ ഡേവിസ് നല്‍കിയ പ്രസ്താവനയില്‍ സൂചിപ്പിയ്ക്കുന്നു. കമ്പനിയുടെ മാനേജുമെന്റിലും മേല്‍നോട്ടത്തിലും പിഴവുകളുണ്ടായതാണ് കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണം.
ഇന്ത്യയിലുണ്ടായിരുന്ന ബി ആര്‍ ഷെട്ടി നവംബറില്‍ യുഎഇയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പെടെയുള്ള രണ്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് 2800 കോടി രൂപയാണ് ബിആര്‍ ഷെട്ടി നല്‍കാനുള്ളത്.