ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് (National Herald) കേസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നല്‍കിയത്. ഇഡി നടപടിയില്‍ അപലപിച്ചു കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നാഷണല്‍ ഹെറാള്‍ഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ടീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍.