കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാനാണ് നടി അപേക്ഷ നല്‍കിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാന്‍ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. ദിലീപിന്റെ സഹോദരന്‍ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടന്‍ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.