ഗവര്‍ണ്ണര്‍ക്കെതിരെ സമരം:ദേശീയപാത ഉപരോധിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി, സമരം വ്യാപിപ്പിക്കും
 


കോഴിക്കോട്:കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെ സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ ഗവര്‍ണര്‍ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. ആറെ കാലോടെ ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തി.

പ്രതിഷേധം ശക്തമായതോടെയാണ് ഗവര്‍ണര്‍ മുന്‍ നിശ്ചയിച്ചതില്‍ വ്യത്യസ്തമായി ഗവര്‍ണര്‍ നേരത്തെ മടങ്ങിയതെന്നാണ് സൂചന. അതേസമയം, നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ആറരക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കും പോകും. നേരത്തെ എട്ടുമണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഗവര്‍ണര്‍ക്കെതിരായ സമരം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും സംസ്ഥാനത്തെ മറ്റു ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

രാജ്ഭവനിന് മുന്നിലും പ്രതിഷേധം തുടരും.സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്നു. ക്രമസമാധാന-സാമ്പത്തിക രംഗങ്ങളില്‍ കേരളം അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചീഫ് സെക്രട്ടറി തന്നെ ഹൈ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അത് തന്നെ എല്ലാം വ്യക്തമാക്കുന്നതാണ്.ഭഗവദ് ഗീത ഉദ്ധരിച്ചായിരുന്നു സെമിനാറില്‍ ഗവര്‍ണറുടെ പ്രസംഗം.നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ സമകാലിക പ്രസക്തമാണെന്നും ഗുരുവിന്റെ ദര്‍ശനങ്ങള്‍ നമ്മള്‍ മറന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സനാതന ധര്‍മ്മം കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റമില്ലാത്തത്. ഓരോ ഇന്ത്യക്കാരനും സ്വന്തം പാരമ്പര്യം അറിഞ്ഞിരിക്കണം. അത് സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.അതേസമയം, വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് കാക്കഞ്ചേരിയില്‍ വച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

'
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media