അടിയന്തരമായി ജിഎസ്ടി കൗണ്‍സില്‍ യോഗംവിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന നിർണായക മരുന്നുകളേയും ഉപകരണങ്ങളേയും ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. റെംഡെസിവിർ, ഓക്സിജൻ സിലിണ്ടറുകളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇളവ് വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
ഈ ഉത്പന്നങ്ങള്‍ക്ക് നിലവിൽ 12 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് 2020 ഒക്ടോബർ 12 നായിരുന്നു ജിഎസ്ടി യോഗം ചേര്‍ന്നത്. 2022 ജൂലൈയ്ക്കപ്പുറം നഷ്ടപരിഹാര കാലാവധി നീട്ടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ സംസ്ഥാനങ്ങൾ ആഗ്രഹിക്കുന്നു. ജിഎസ്ടി റേറ്റ് സ്ലാബുകളുടെ യുക്തിസഹമായ പുനഃക്രമീകരണം, ചില ഇനങ്ങളുടെ വിപരീത തീരുവ തിരുത്തൽ, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുത്തൽ എന്നിവയും പുതിയ യോഗത്തില്‍ ചര്‍ച്ചയായേക്കും.