യുഎസില്‍ സ്വന്തം ബിസിനസുമായി പ്രിയങ്ക ചോപ്ര
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് പ്ലേസിലും നിക്ഷേപം
യുഎസില്‍ ഹെയര്‍കെയര്‍, റിയല്‍ എസ്റ്റേറ്റ് രംഗത്ത് ബിസിനസുമായി പ്രിയങ്ക ചോപ്ര. ബിസിനസ് രംഗത്ത് ശതകോടികളുടെ നിക്ഷേപം ഉള്ളവരില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മുന്‍നിരയിലുണ്ട്.
ഡേറ്റിംഗ് ആപ്ലിക്കേഷനായ ബംബിള്‍, കോഡിംഗ് എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് ഹോള്‍ബര്‍ട്ടണ്‍ സ്‌കൂള്‍ തുടങ്ങിയ ബിസിനസില്‍ ഒക്കെ താരം പണം നിക്ഷേപിച്ചിരുന്നു.
ഇതു കൂടാതെയാണ് സ്വന്തം ഹെയര്‍കെയര്‍ ബ്രാന്‍ഡും റിയല്‍ എസ്റ്റേറ്റ് നിക്ഷേവുമായി താരം എത്തുന്നത്. യുഎസിലെ റെന്റല്‍ മാര്‍ക്കറ്റ് പ്ലേസ് അപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റില്‍ ആണ് നിക്ഷേപം.യുഎസില്‍ അനോമലി എന്ന സ്വന്തം ഹെയര്‍ കെയര്‍ ബ്രാന്‍ഡും താരം അടുത്തിടെ പുറത്തിറക്കിയിരുന്നു. പൂര്‍ണമായും വീഗന്‍ ,പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ആണിതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍
അഫോര്‍ഡബ്ള്‍ ശ്രേണിയിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 31 മുതല്‍ യുഎസില്‍ വില്‍പ്പനയ്ക്ക് എത്തിയ ഉത്പന്നങ്ങള്‍ ആഗോള വിപണിയിലേക്കും വ്യാപിപ്പിച്ചേക്കും. സ്വന്തമായി ആദ്യം വികസിപ്പിച്ച ബ്രാന്‍ഡ് ഏറെ സന്തോഷത്തോടെയാണ് താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
കഴിഞ്ഞ 18 മാസമായി ഇതിനു പിന്നാലെയുണ്ടെന്ന് താരം വ്യക്തമാക്കി. വര്‍ഷങ്ങളായി ഹെയര്‍കെയറിനെക്കുറിച്ച് വളരെയധികം പഠിക്കുകയും മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിയ്ക്കുകയും ചെയ്തതിന് ശേഷമാണ് ഉത്പന്നം പുറത്തിറക്കുന്നതത്രേ. എന്തായാലും, നടി, ഗ്ലോബല്‍ ഐക്കണ്‍, പുസ്തക രചയിതാവ് എന്നീ നിലകളില്‍ നിന്ന് സംരംഭക എന്ന നിലയിലും കയ്യൊപ്പ് പതിപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര.