പണമിടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധനയുമായി ഭാരത് പേ.
പണമിടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധനയുമായി ഭാരത് പേ.കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം 106 മില്യണ്‍ യുപിഐ ക്യുആർ പണമിടപാടുകളാണ് ഭാരത് പേ വഴി നടന്നത്. ഒപ്പം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 830 മില്യണ്‍ യുഎസ് ഡോളര്‍ മതിക്കുന്ന പണമിടപാടുകളാണ് ഭാരത് പേ വഴി മാര്‍ച്ച് മാസം മാത്രം നടന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവിലെ യുപിഐ പണമിടപാടില്‍ 8.8 ശതമാനം പങ്കാളിത്തമാണ് ഭാരത് പേയ്ക്ക് പങ്കുള്ളത്. കൂടാതെ ഭാരത് പേയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്‍റർഫേസ് (യുപിഐ) പേയ്‌മെന്റുകളില്‍ 2021 ഫെബ്രുവരി മുതൽ മാർച്ച് വരെ 23.7 ശതമാനം വർദ്ധവനാണ് ഉണ്ടായിരിക്കുന്നത്. കൊവിഡിന്‍റെ വരവ് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. സുരക്ഷയും സൗകര്യവും പരിഗണിച്ച് ഉപഭോക്താക്കള്‍ കൂടുതലും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറിയതോടെ ഭാരത് പേയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തങ്ങളുടെ മികച്ച 30 നഗരങ്ങൾക്കപ്പുറവും വളര്‍ന്നതായി കമ്പനി ചൂണ്ടിക്കാട്ടി. വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി, കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഭാരത് പേ 30 ൽ നിന്ന് 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും നവയുഗ ഫിൻടെക് സേവനങ്ങളും ക്രെഡിറ്റ് ഓഫറുകളും രാജ്യം മുഴുവന്‍ എത്തിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതിനാൽ 2022 സാമ്പത്തിക വർഷത്തില്‍ 100 നഗരങ്ങളെ കൂടി പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും ഭാരത്പേ ഗ്രൂപ്പ് പ്രസിഡന്‍റ് സുഹൈല്‍ സമീർ വാർത്താകുറിപ്പിൽ അറിയിച്ചു.