ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ ഖത്തറില്‍ ഏളുപ്പം; ബഹ്‌റൈനിലും കുവൈറ്റിലും കഠിനം


 

കുവൈറ്റ് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. ലോകത്ത് മെക്സിക്കോ കഴിഞ്ഞാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് ഖത്തറെന്ന് ഡ്രൈവിംഗ് എഡ്യുക്കേഷന്‍ പ്ലാറ്റ്ഫോമായ സുടോബി പ്രസിദ്ധീകരിച്ച റാങ്കിംഗ് വ്യക്തമാക്കുന്നു.

അതേസമയം, ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ പ്രയാസമേറിയ ലോകത്തെ രാജ്യങ്ങളില്‍ ഗള്‍ഫ് നാടുകളായ ബഹ്റൈനും കുവൈറ്റും ഇടംപിടിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബഹ്റൈന്‍. കുവൈറ്റ് ആറാം സ്ഥാനത്തും. ലൈസന്‍സുമായി ബന്ധപ്പെട്ട ഇവിടത്തെ നിയമങ്ങള്‍ അത്രമേല്‍ കര്‍ക്കശവും ചെലവ് താരതമ്യേന കൂടുതലാണെന്നുമാണ് സ്ഥാപനത്തിന്റെ കണ്ടെത്തല്‍. ഏഴ് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിലെ എളുപ്പവും പ്രയാസവും സുടോബി കണക്കാക്കിയത്. ലൈസന്‍സ് സ്വന്തമാക്കാവുന്ന പ്രായം, ഡ്രൈവിംഗ് ടെസ്റ്റിനുള്ള ചെലവ്, തിയറി പരീക്ഷ, പ്രായോഗിക പരീക്ഷ, മെഡിക്കല്‍ പരിശോധന, കണ്ണ് പരിശോധന എന്നിവ വേണമോ വേണ്ടയോ, ഡ്രൈവിംഗ് ടെസ്റ്റിനു മുമ്പ് എത്ര മണിക്കൂര്‍ പരിശീലനം വേണം തുടങ്ങിയ കാര്യങ്ങളാണ് റാങ്കിംഗില്‍ പരിശോധിച്ചത്.

ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ പറ്റുന്ന രാജ്യം മെക്സിക്കോയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട ഏഴ് സൂചകങ്ങളുടെ കണക്കെടുത്താല്‍ 10ല്‍ 8.48 പോയിന്റുകളാണ് വടക്കന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോ നേടിയത്. ഇവിടെ 15 വയസ്സില്‍ ലൈസന്‍സ് എടുക്കാം. 35 യൂറോ ആണ് ലൈസന്‍സ് എടുക്കാന്‍ ചെലവാകുന്ന തുക. തിയറി പരീക്ഷ പാസ്സായാല്‍ മതി. പ്രായോഗിക പരീക്ഷയോ, കണ്ണ് പരിശോധനയോ മെഡിക്കല്‍ ടെസ്റ്റോ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിലാവട്ടെ 30 യൂറോ ആണ് ലൈസന്‍സിനുള്ള ചെലവ്. തിയറി, പ്രാക്ടിക്കല്‍ പരീക്ഷ ആവശ്യമാണെങ്കിലും മറ്റ് പരിശോധനകളൊന്നും വേണ്ടെന്നതാണ് ഖത്തറിനെ 7.39 പോയിന്റുമായി രണ്ടാമതെത്തിച്ചത്. ലാത്വിയ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളാണ് അടുത്ത മൂന്ന് സ്ഥാനങ്ങളില്‍ വരുന്നത്. പതിനാലാമതാണ് ഇന്ത്യയുടെ സ്ഥാനം.

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യം ക്രൊയേഷ്യയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ ലൈസന്‍സ് ലഭിക്കാന്‍ വലിയ തുക ചെലവാകുമെന്ന് മാത്രമല്ല, ടെസ്റ്റുകള്‍ പാസ്സാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ലൈസന്‍സ് കിട്ടാന്‍ ഇവിടെ ചുരുങ്ങിയത് 930 യൂറോ ചെലവ് വരുമെന്നാണ് കണക്ക്. ശരാശരി 85 മണിക്കൂര്‍ ഡ്രൈവിംഗ് പരിശീലനം നേടിയാല്‍ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് അറ്റന്റ് ചെയ്യാന്‍ സാധിക്കൂ. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യവും തഥൈവ. ബ്രസീല്‍, ഹംഗറി, ബഹ്റൈന്‍, മോണ്ടിനെഗ്രോ, കുവൈറ്റ് എന്നിവയാണ് ക്രൊയേഷ്യയ്ക്ക് തൊട്ടുപിന്നില്‍.

അതിനിടെ, കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള ശമ്പള പരിധി കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം. ഈ നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിമാസം 600 ദിനാര്‍ ശമ്പളം ഉള്‍പ്പെടെ വിവിധ നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍ മാത്രം ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയാല്‍ മതി എന്നതാണ് പുതിയ നിര്‍ദ്ദേശം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media