മലപ്പുറം : മലപ്പുറത്ത് കൊലക്കേസ് പ്രതി മരിച്ചനിലയില്‍. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ താനൂര്‍ സ്വദേശി സൗജത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാമുകനെ വിഷയം കഴിച്ച നിലയിലും കണ്ടെത്തി.
കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ സംശയം. ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകന്‍ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2018 ലായിരുന്നു താനൂര്‍ സ്വദേശിയായ സവാദിന്റെ കൊലപാതകം. സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യതൊഴിലാളിയായ സവാദ് കൊല്ലപ്പെട്ടത്.
തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്. ഇതിനായി ഗള്‍ഫില്‍ നിന്നും മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ ബഷീര്‍, കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് മുങ്ങി.
പുലര്‍ച്ചെ വീടിനുള്ളില്‍ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. കാമുകന്‍ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് വെളിപ്പെടുത്തി. കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു. വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികള്‍.