തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടില്‍ വലഞ്ഞ് ക്ഷീര മേഖല. പാല്‍ ഉല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്.
ഒരു പാക്കറ്റ് മില്‍മ പാലിലാണ് കേരളത്തിലെ പല അടുക്കളകളും ഒരു ദിവസം ആരംഭിക്കുന്നത്. പ്രതിദിനം മില്‍മ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് 17 ലക്ഷം ലിറ്റര്‍ പാല്‍ ആണ്. ഇതില്‍ നല്ലൊരു പങ്കും കേരളത്തില്‍ നിന്ന് തന്നെയായിരുന്നു. പക്ഷെ സ്ഥിതി മാറി. കടുത്ത ചൂട് പാല്‍ ഉത്പാദനത്തെ കാര്യമായി ബാധിച്ചു.പ്രതിദിനം ആറര ലക്ഷം ലിറ്ററിന്റെ കുറവാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഇറക്കുമതി വര്‍ദ്ധിപ്പിച്ച് ക്ഷാമകാലത്തെ അതിജീവിക്കുകയാണ് മില്‍മ. കാലവര്‍ഷം എത്തിയാല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പക്ഷേ അതിനിനിയും ഒരു മാസമെങ്കിലും വേണം - കെ.എസ്.മണി പറഞ്ഞു.