യുഎസില്‍ വിലക്കയറ്റം രൂക്ഷം
യുഎസില്‍ അവശ്യവസ്തുക്കളുടെ വിലയിലെ വര്‍ധന 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക 6.2ശതമാനമാണ് ഉയര്‍ന്നത്.
ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2ശതമാനം ഉയര്‍ന്നപ്പോള്‍ പ്രതിമാസ സൂചികയില്‍ 0.9ശതമാനമാണ് വര്‍ധനവുണ്ടായത്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ഒരുമാസത്തിനിടെ 12.3ശതമാനമാണ് വിലകൂടിയത്. യൂസ്ഡ് വെഹിക്കിള്‍ വില 2.5ശതമാനവും പുതിയ വാഹനങ്ങളുടെ വില രണ്ടുശതമാനത്തോളവും വര്‍ധിച്ചു.
ആവശ്യംവര്‍ധിച്ചതോടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. സേവനനിരക്കിലും വര്‍ധനവുണ്ടായി. വിതരണശൃംഖലയിലെ തടസ്സവും മികച്ച ജീവനക്കാരുടെ കുറവുംകൂടിയാകുമ്പോള്‍ വര്‍ധന പ്രതീക്ഷിച്ചതിലും മുകളില്‍പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും 26വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലക്കയറ്റ ഭീഷണി നേരിടുകയാണ്.
പണപ്പെരുപ്പ നിരക്കിലെ വര്‍ധന മുമ്പ് കരുതിയതിനേക്കാള്‍ കൂടുതല്‍കാലം നിലനിന്നേക്കാമെന്നാണ് സൂചന. പലിശ നിരക്ക് ഉയര്‍ത്താന്‍ അതുകൊണ്ടുതന്നെ ഫെഡറല്‍ റിസര്‍വിനുമേല്‍ സമ്മര്‍ദവുമുണ്ട്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ബോണ്ട് തിരികെവാങ്ങല്‍ പദ്ധതി വേഗത്തിലാക്കാന്‍ ഇതോടെ സാധ്യത ഉയരുകയുംചെയ്തു.